ചെറുപ്പം സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാകും

Nahas

നഹാസ് മാള / സി.എ അഫ്‌സല്‍ റഹ്മാന്‍

എസ്.ഐ.ഒ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികയുകയാണല്ലോ. ഒരു വര്‍ഷത്തെ സംഘടനയുടെ മുന്നേറ്റങ്ങള്‍ വിലയിരുത്തുമ്പോള്‍ എന്തു തോന്നുന്നു?

@ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന നിര്‍ണായക ഘട്ടത്തിലാണ് എസ്.ഐ.ഒ അധ്യക്ഷസ്ഥാനം എല്‍പ്പിക്കപ്പെടുന്നത്. അംഗങ്ങളുടെ എണ്ണക്കുറവ്,   വിഭവക്കമ്മി തുടങ്ങിയ പരിമിതികള്‍ക്കിടയിലും, കൂട്ടായ ശ്രമത്തിന്റെ ഫലമായി രാജ്യത്തെ ഇസ്‌ലാമിക സമൂഹത്തിന പ്രതീക്ഷയാകാന്‍ എസ്.ഐ.ഒവിനു കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. മുമ്പുള്ള നമ്മുടെ പ്രവര്‍ത്തകരില്‍  വൈജ്ഞാനിക ഉണര്‍വിന്റെ പ്രതിഫലനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കലാലയങ്ങളില്‍ സജീവ സാന്നിധ്യമായി എസ്.ഐ.ഒ ഉണ്ട്. വിദ്യാര്‍ഥി-വിദ്യാഭ്യാസ പോരാട്ടങ്ങളില്‍ നിരന്തരം ഇടപെട്ടുകൊിക്കുന്നു. സന്നദ്ധ സേവന മേഖലകളിലും എസ്.ഐ.ഒവിന്റെ പ്രവര്‍ത്തകര്‍ കര്‍മനിരതരാണ്. കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തിലും പ്രളയം ദുരിതം വിതച്ച ഉത്തരേന്ത്യന്‍ മേഖലകളില്‍ ആശ്വാസം എത്തിക്കാനുള്ള തിരക്കിലായിരുന്നു അതിന്റെ പ്രവര്‍ത്തകര്‍.

 

രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഫാഷിസ്റ്റ്‌വിരുദ്ധ ചേരിക്കായിരുന്നല്ലോ വിജയം. ഈ മുന്നേറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?

@ ജെ.എന്‍.യു, എച്ച്.സി.യു, പോണ്ടിച്ചേരി, ദല്‍ഹി യൂനിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംഘ് പരിവാര്‍ ഫാഷിസ്റ്റ് ശക്തികളെ പ്രതിരോധിച്ച് മുന്നേറാനായത്  ആശ്വാസം പകരുന്നതാണ്. നമ്മുടെ കാമ്പസുകളെ കാവിവത്കരിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇത്തരം കൂട്ടായ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ദലിത്-മുസ്ലിം വിഭാഗങ്ങളിലെ വിദ്യാര്‍ഥി  മുന്നേറ്റങ്ങള്‍ തന്നെയാണ് അതില്‍ എടുത്തു പറയേണ്ടത്.

എന്നാല്‍ ഇത്തരം ഫാഷിസ്റ്റ്‌വിരുദ്ധ വിശാല മുന്നണികളിലെ ഇടതു പാര്‍ട്ടികളുടെ കപട രക്ഷാകര്‍തൃ ബോധവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇത്തരം മുന്നണികളിലെ ദലിത്-മുസ്ലിം സംഘടനാ സാന്നിധ്യങ്ങളെ അവര്‍ ഇപ്പോഴും തള്ളിപ്പറയുകയാണ്. ഇതവരുടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയായാണ് എസ്.ഐ.ഒ കാണുന്നത്. ഒരു കാലത്ത് കാമ്പസുകളിലെ ദലിത്-മുസ്ലിം വിദ്യാര്‍ഥി സമൂഹത്തിന്റെ രക്ഷക വേഷം കെട്ടി നടന്ന ഇടതു സംഘടനകളുടെ പരിതാപകരമായ അവസ്ഥയാണ് അവരുടെ കള്ളപ്രചാരണങ്ങളിലൂടെ തെളിയുന്നത്. അതുകൊണ്ടാണ് അവര്‍  ഹൈദരാബാദ് സര്‍വകലാശാലയില്‍ എതിര്‍ചേരിയിലെ എ.ബി.വി.പിക്ക് എതിരെ പോലും മുദ്രാവാക്യം വിളിക്കാതെ, വിജയിച്ച മുന്നണിയില്‍ തങ്ങളുടെ ഭാഗമായിരുന്ന എസ്.ഐ.ഒ അടക്കമുള്ള ഇസ്ലാമിക വിദ്യാര്‍ഥി  സംഘങ്ങള്‍ക്കെതിരെ അങ്ങേയറ്റം മോശമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. അതുകൊണ്ടാണ് അവര്‍ക്ക്  ഒരു രാഷ്ട്രീയ ശക്തിയല്ലാതിരുന്നിട്ടും ജെ.എന്‍.യുവില്‍ അവരുടെ കാമ്പയിനുകളില്‍ എസ്.ഐ.ഒവിനെ എതിര്‍ക്കാന്‍ സമയം കണ്ടെത്തേണ്ടിവന്നത്.

 

അത്തരം മുന്നണികളില്‍ എസ്.ഐ.ഒവിന്റെ സംഭാവന എത്രത്തോളമായിരുന്നു?

@ അത്തരം മുന്നണികളുടെ ദിശ നിര്‍ണയിക്കുന്നതില്‍ മുന്‍പന്തിയില്‍ നമ്മുടെ പ്രവര്‍ത്തകരുണ്ടായിരുന്നു. ജെ.എന്‍.യു, എച്ച്.സി.യു, അലീഗഢ്, പോണ്ടിച്ചേരി തുടങ്ങിയ സര്‍വകലാശാലകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. എച്ച്.സി.യുവിലെ തെരഞ്ഞടുപ്പില്‍  സംഘ് പരിവാര്‍വിരുദ്ധ വിശാല മുന്നണിയുടെ ഭാഗമായിരുന്നു എസ്.ഐ.ഒ. ഹൈദരാബാദിലെ മൗലാനാ ആസാദ്  സര്‍വകലാശാലയിലെ യൂനിയന്‍ ഭരണം എസ്.ഐ.ഒ നേടുകയുണ്ടായി. അലീഗഢ് സര്‍വകലാശാലയിലും അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ എസ്.ഐ.ഒവിനു സാധിച്ചു. ജെ.എന്‍.യു അടക്കമുള്ള മതേതര കോട്ടകള്‍ എന്നു വിളിക്കപ്പെടുന്ന കാമ്പസുകളില്‍ തങ്ങളുടെ ഇടം ശക്തിപ്പെടുത്താന്‍ എസ്.ഐ.ഒവിന് സാധിച്ചിട്ടുണ്ട്. ദലിത് വിദ്യാര്‍ഥി കൂട്ടായ്മയായ ബാപ്‌സക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒ നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയിലെ മുസ്ലിംസമൂഹം പ്രതിസന്ധികള്‍  നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്  ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും, വിശിഷ്യാ എസ്.ഐ.ഒവിന്റെയും അഖിലേന്ത്യാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക്  എത്രത്തോളം പ്രതീക്ഷ നല്‍കുന്നതാണ്?

@ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധികള്‍ എന്നു നാം വിശേഷിപ്പിക്കുന്നവ സംഘ് പരിവാര്‍ ഫാഷിസ്റ്റുകളുടെ അധികാരാരോഹണത്തിനു ശേഷമുണ്ടായ ഒന്നല്ല. അത്തരം പ്രതിസന്ധികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍ സംഘ് പരിവാറിന്റെ ഭരണം കാരണമായി എന്നു വേണം പറയാന്‍. കാലങ്ങളായി ഇന്ത്യയിലെ മുസ്ലിംകള്‍ കടുത്ത പ്രതിസന്ധികളിലൂടെ തന്നെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളുടെ  സാമൂഹിക പിന്നാക്കാവസ്ഥ സംബന്ധിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് പത്തു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മറുവശത്ത് തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങളുയര്‍ത്തി ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തെ അരികുവത്കരിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നുവരുന്നു. ഈ സവിശേഷ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ടുള്ള ആലോചനകളിലൂടെയാണ് എസ്.ഐ.ഒ അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇന്ത്യയിലെ മൊത്തം മുസ്ലിം സമൂഹത്തിനും ആശ്വാസമാകാന്‍ കഴിഞ്ഞുവെന്ന അതിവാദങ്ങളൊന്നും നമുക്കില്ല. എന്നാല്‍ അവരുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള പോരാട്ടങ്ങളില്‍ പരിമിതികളില്‍നിന്നുകൊണ്ടുള്ള ഇടപെടലുകള്‍ നടത്താന്‍ എസ്.ഐ.ഒവിനു സാധിച്ചിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം.

 

തുടക്കം മുതല്‍ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങളില്‍ നിലകൊള്ളുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് കേസിലെ നിയമ-പോരാട്ട വഴികളെ കുറിച്ച് വിശദമാക്കാമോ?

@ മതേതര-മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് ആഘോഷിക്കപ്പെടുന്നവരുടെ ഇസ്‌ലാംവിരുദ്ധത തുറന്നുകാണിക്കുന്നതാണ് നജീബിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍. തങ്ങളുടെ ഇടയില്‍നിന്നുള്ള ഒരാള്‍ കാണാതാക്കപ്പെട്ടിട്ടും പുരോഗമന ഇടതു ഇടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ജെ.എന്‍.യുവിന്റെ ‘പ്രബുദ്ധതക്ക്’ കാര്യമായി പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. ഇന്ത്യയുടെ പൊതുബോധം എത്രത്തോളം ഇസ്‌ലാംവിരുദ്ധമാണ് എന്നു തെളിയിക്കുന്നതാണ് നജീബിന്റെ തിരോധാനവും അതിനു നേരെയുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവും.

നജീബിനെ കണ്ടെത്താന്‍ മാതാവ് ഫാത്വിമ നഫീസിന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തില്‍ എസ്.ഐ.ഒ തുടക്കം മുതല്‍ സജീവമായിരുന്നു. ആദ്യം അന്വേഷിച്ച ദല്‍ഹി പോലീസിന് അന്വേഷണത്തില്‍ കാര്യമായി മുന്നേറ്റം ഉണ്ടാക്കാന്‍  കഴിഞ്ഞില്ല. നിലവില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിട്ട് മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. കുറ്റാരോപിതരായ എ.ബി.വി.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലും അവര്‍ തയാറായിട്ടില്ല. അതേസമയം കേസിന്റെ ഭാഗമായി നില്‍ക്കുന്ന വിദ്യാര്‍ഥികളെ അനാവശ്യമായി ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രണ്ടാമത്തെ ഹിയറിംഗിലും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലാതെ ആദ്യത്തെ കുറ്റപ്പത്രം തന്നെ ആവര്‍ത്തിച്ച സി.ബി.ഐ തങ്ങളുടെ വിധേയത്വം ആരോടാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവസാനം നടന്ന വാദം കേള്‍ക്കലില്‍ സി.ബി.ഐയുടെ മെല്ലെപ്പോക്കിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇനിമുതല്‍ വാദം കേള്‍ക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കൂടി ഹാജരാകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നീതിന്യായ വ്യവസ്ഥയുടെ നിലപാടുകളും ഇടക്കെങ്കിലും നിരാശാജനകമാകാറുണ്ട്. ഒരു വര്‍ഷത്തിലധികമായി തന്റെ മകന് എന്ത് പറ്റിയെന്നറിയാന്‍ നിയമപോരാട്ടം നടത്തുന്ന നജീബിന്റെ ഉമ്മയോട് എന്തിനാണിത്ര തിടുക്കമെന്ന് കോടതി ഒരിക്കല്‍ ചോദിക്കുകയുണ്ടായി. എന്നിരുന്നാലും തങ്ങളുടെ മകനെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയില്‍ പോരാട്ടങ്ങള്‍ തുടരുക തന്നെയാണ് ആ മാതാവ്.

അന്വേഷണത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ച ദല്‍ഹി പോലീസ് പക്ഷേ നജീബിന് നീതിക്കായുള്ള പോരാട്ടങ്ങളെ തെരുവില്‍ അടിച്ചൊതുക്കാന്‍ അസാമാന്യ സാമര്‍ഥ്യം  കാട്ടി. പല സമരങ്ങളിലായി നജീബിന്റെ ഉമ്മയടക്കമുള്ളവരോട് വളരെ അപമര്യാദയായാണ് അവര്‍ പെരുമാറിയത്. അവരെ തെരുവിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ മനസ്സാക്ഷിയുള്ള സമൂഹത്തിനു സഹിക്കാവുന്നതിലപ്പുറമാണ്. ഫാത്വിമ നഫീസ് തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ നജീബിന്റെ തിരോധാനം ഒരു  മുസ്ലിം വിദ്യാര്‍ഥിയുടെ പ്രശ്‌നം ആയതുകൊണ്ട് മാത്രമാണ് ക്രൂരമായ ഈ നിലപാടുകള്‍.

 

നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിനു ശേഷം മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുകയാണല്ലോ. ഈ അവസ്ഥക്ക് എന്താണ് പരിഹാരം?

@ സംഘ് പരിവാര്‍ ശക്തികള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന നിലപാടുകള്‍ അവര്‍ക്ക് അധികാരം കിട്ടിയതോടെ കൂടുതല്‍ തീവ്രതയോടും പ്രത്യക്ഷമായും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഒറ്റയടിക്ക് ഒരുപാട് ഇരകളെ സൃഷ്ടിക്കുന്ന കലാപങ്ങളേക്കാള്‍ അവര്‍ ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്നത് ചെറിയ ചെറിയ അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതിലാണ്. ഒറ്റപ്പെട്ടതെന്ന് ആദ്യനോട്ടത്തില്‍ തോന്നിക്കുമെങ്കിലും ഇത്തരം കൃത്യങ്ങള്‍ സംഘ് പരിവാര്‍ വളരെ ആസൂത്രിതമായി രാജ്യത്ത് നട്ടുവളര്‍ത്തുന്ന മുസ്ലിംവിരുദ്ധ വികാരത്തിന്റെ പരിണിതഫലങ്ങളാണ്. പശു സംരക്ഷണമെന്നെല്ലാം ഇതിനെ സംഘ് ശക്തികള്‍ ന്യായീകരിക്കുമ്പോഴും അത്തരം ബന്ധങ്ങളൊന്നുമില്ലാത്ത നിഷ്‌കളങ്കരായ മുസ്ലിംകളാണ് കൊല്ലപ്പെടുന്നതും സംഘ് അക്രമങ്ങള്‍ക്കിരയകുന്നതും. പെഹ്‌ലു ഖാന്റെ, അഖ്‌ലാഖിന്റെ, ജുനൈദിന്റെ കൊലപാതകങ്ങള്‍ ഇതിനു തെളിവാണ്. രാജ്യത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരം കൈയാളുന്ന ബി.ജെ.പിയാകട്ടെ ഇതിനെല്ലാം മൗനാനുവാദം നല്‍കുകയാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിനു ശേഷവും അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.

ഇത്തരം അക്രമങ്ങളിലൂടെ മുസ്ലിം എന്ന ഒരു പൊതു ശത്രുവിനെ സൃഷ്ടിക്കാനാണ് സംഘ് പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. തങ്ങളുടെ ഇടയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മറച്ചുവെക്കുന്നതിനും കാവിവത്കരണമെന്ന അജണ്ട നടപ്പാക്കുന്നതിനും ഇത്തരം അപരവത്കരണങ്ങള്‍ അനിവാര്യതയായി മാറുന്നു. പതിറ്റാണ്ടുകളോളം രാജ്യത്ത് നടന്ന ഒട്ടനേകം ചെറുതും വലുതുമായ കലാപങ്ങള്‍ ഇത്തരം അപരനിര്‍മിതിക്കു വേണ്ടിയായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ശത്രുക്കളാണെന്ന മിഥ്യാധാരണ ഇതുവഴി സൃഷ്ടിക്കപ്പെട്ടു.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച താങ്കള്‍ അവിടങ്ങളിലെ മുസ്ലിം ജീവിതങ്ങളെ എങ്ങനെ അടയാളപ്പെടുത്തുന്നു?

@ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ മുസ്ലിം ജീവിതങ്ങളെ വളരെ അടുത്തറിയാന്‍ കഴിഞ്ഞ ഒരു വര്‍ഷം ശ്രമിക്കുകയുണ്ടായി. കേരളത്തില്‍നിന്ന് ഭിന്നമായി, വളരെ പരിതാപകരമായ അവസ്ഥയിലാണ് രാജ്യത്തെ മറ്റു ഭാഗങ്ങളിലെ മുസ്ലിം ജീവിതങ്ങള്‍. ഉത്തരേന്ത്യന്‍ മുസ്ലിം ജീവിതങ്ങളെ കുറിച്ച അനുഭവങ്ങള്‍ അത്യധികം ഭീതിജനകവും ആശങ്കയുളവാക്കുന്നതുമാണ്. വര്‍ഗീയ കുപ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ചേരികളിലാണ് ഭൂരിഭാഗം മുസ്ലിം സമൂഹവും ജീവിക്കുന്നതും. ഇത്തരം ചേരികളിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞുനോക്കുകയില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നാക്കാവസ്ഥയിലാണ് ഇവിടത്തെ ജനസമൂഹങ്ങള്‍. പശ്ചിമ ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ശിദാബാദില്‍ ഒരു കലാലയം പോലുമില്ലെന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ്. വികസന ശ്രമങ്ങള്‍ ഹിന്ദു ഗല്ലികളില്‍ അവസാനിക്കുന്ന ദൃശ്യങ്ങള്‍ ഗുജറാത്തില്‍ കാണാന്‍ കഴിഞ്ഞു.

ഇതിനിടയിലാണ് മുസ്ലിമായതിന്റെ പേരില്‍ നേരിടേണ്ടിവരുന്ന ആക്രമണങ്ങള്‍. ഇത്തരം ആക്രമണങ്ങള്‍ക്കിരകളായ കുടുംബങ്ങളെ സന്ദര്‍ശിച്ച് അവര്‍ക്ക് മുസ്ലിമായി ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കാനുള്ള ശ്രമങ്ങളും എസ്.ഐ.ഒ നടത്തിയിട്ടുണ്ട്.

 

തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹം എത്രത്തോളം ബോധവാന്മാരാണ്?

@ സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന അവിടത്തെ മുസ്ലിം ജനസമൂഹം ഇത്തരം രാഷ്ട്രീയ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നു അനുമാനിക്കാന്‍ വയ്യ. അതിനുള്ള ജീവിത സാഹചര്യങ്ങള്‍ അവര്‍ക്കില്ല എന്നതുതന്നെയാണ് കാരണം. ഭൂരിഭാഗം പേരും തങ്ങളുടെ വിധിയെന്ന് കരുതി ജീവിതം മുന്നോട്ടുനയിക്കുന്നു. ഇവരെ സാമൂഹികമായും വിദ്യാഭ്യാസപരമായും ഉയര്‍ത്തിക്കൊുവരികയാണ്, തങ്ങളുടെ നിലവിലുള്ള അവസ്ഥകളെയും വെല്ലുവിളികളെയും കുറിച്ച് അവരെ ബോധവത്കരിക്കാനുള്ള വഴി.

 

വരുന്ന ഫെബ്രുവരിയില്‍ എസ്.ഐ.ഒ അതിന്റെ അഖിലേന്ത്യാ സമ്മേളനം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. എന്തെല്ലാമാണ് സമ്മേളനത്തിലൂടെ എസ്.ഐ.ഒ മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങള്‍?

@ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രസ്ഥാന സാന്നിധ്യത്തിന്റെ കാര്യത്തിലും പിന്നിലാണ്. ഇത്തരം മേഖലകളിലെ പ്രസ്ഥാന വളര്‍ച്ച മുഖ്യ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് എസ്.ഐ.ഒ ഇപ്പോള്‍ ശ്രദ്ധയൂന്നിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മൂന്നു മാസം നീണ്ടുനില്‍ക്കു ന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ കാമ്പയിന്റെ  പരിസമാപ്തിയെന്നോണം വരുന്ന ഫെബ്രുവരി 23,24,25 തീയതികളിലാണ്  സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ന്യൂ ദല്‍ഹിയില്‍ വെച്ച് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ആ സമ്മേളനം പ്രധാനമായും ഉദ്ദേശിക്കുന്നത്, ഉത്തരേന്ത്യന്‍ സാഹചര്യങ്ങളില്‍നിന്ന് വരുന്ന പ്രവര്‍ത്തകര്‍ക്ക് സംഘടനാ വ്യവഹാരങ്ങളെ കുറിച്ചും ഇടപെടലുകളെ കുറിച്ചും അവഗാഹം നല്‍കുക എന്നതാണ്. മൂന്നു ദിവസങ്ങളിലായി  പ്രസ്ഥാനത്തെയും അതിന്റെ നയനിലപാടുകളെയും അപഗ്രഥിക്കുന്ന വിവിധ സെഷനുകളാണ് ഉദ്ദേശിച്ചിട്ടുള്ളത്.

 

‘Reclaiming Dignity, Designing Future’ എന്ന സമ്മേളന പ്രമേയം വിശദമാക്കാമോ? 

@ നമ്മുടെ രാജ്യത്തെ ദലിത്-മുസ്ലിം-ആദിവാസികള്‍, അധഃസ്ഥിതരെന്നു സമൂഹം ചാപ്പകുത്തിയ മറ്റു വിഭാഗങ്ങള്‍ ഇവരെല്ലാം തന്നെ വളരെയധികം വെല്ലുവിളികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് ദിനേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ ഈ വിഭാഗങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണ്. തങ്ങളുടെ ആശയാദര്‍ശ പരിസരങ്ങളും ഈ അക്രമങ്ങള്‍ക്ക് കാരണമാണെന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അക്രമങ്ങള്‍ നടത്തുന്നവരെ ആള്‍ക്കൂട്ടമെന്ന നിഷ്‌കളങ്ക പദാവലിയില്‍ ചേര്‍ത്തുകെട്ടാന്‍ സമ്മതിക്കരുത്. കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടായിവരണമെന്ന് പ്രസ്ഥാനം ആഗ്രഹിക്കുന്നു. അത്തരം കൂട്ടയ്മകള്‍ക്കേ ഭാവിയെ കുറിച്ച് ശുഭാപ്തി നല്‍കാന്‍ കഴിയൂ. അഭിമാനം മനുഷ്യനെ സംബന്ധിച്ചേടത്തോളം ജീവവായുവോളം സുപ്രധാനമാണ്. ഇന്ത്യയിലെ ഏതൊരു പൗരനും അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുതരുന്നു്. തങ്ങളുടെ അഭിമാനത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ എഴുന്നേറ്റുനിന്ന് പോരാടാന്‍ തന്നെയാണ് ഈയൊരു പ്രമേയം കൊണ്ട് എസ്.ഐ.ഒ ഉദ്ദേശിക്കുന്നത്.

 

രാജ്യവ്യാപകമായി മുസ്ലിംകള്‍ വേട്ടയാടപ്പെടുകയാണല്ലോ. എന്നിട്ടും മുസ്ലിം സമൂഹത്തില്‍നിന്ന് ശക്തമായ ഒരു പ്രതിഷേധസ്വരം ഉയര്‍ന്നുവരാത്തതെന്തുകൊാണ്?

@ വളരെ പ്രസക്തമാണ് ഈ ചോദ്യം. ഇന്ത്യയിലെ മുസ്ലിം സമൂഹം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴവും ഇത് നമുക്ക് വെളിവാക്കിത്തരുന്നുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. വിഷയത്തിന്റെ ഗൗരവത്തെ സംബന്ധിച്ച് അവബോധമില്ലാത്തതാണ് അതിലൊന്ന്. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴും മതേതരമെന്നു പറയുന്ന ഏര്‍പ്പാടുകള്‍ക്ക്  മുന്നില്‍ അസ്തിത്വം പണയപ്പെടുത്തുന്ന തോറ്റ ഒരു സമുദായത്തെ പോലെ നില്‍ക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗം പേരും. തങ്ങളുടെ കാര്യസാധ്യത്തിന്, ലാഭങ്ങള്‍ക്ക്  സമുദായത്തെ ഒറ്റുകൊടുക്കുകയാണ് മറ്റൊരു കൂട്ടര്‍. ഇടപെട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയമാണ് മറ്റൊരു കാരണം. ഈയൊരു ഭയം ഉല്‍പാദിപ്പിക്കുന്നതിലൂടെ സംഘ് ശക്തികള്‍ അവരുടെ ഉദ്യമത്തില്‍ പാതി വിജയിച്ചുവെന്നുതന്നെ വേണം പറയാന്‍. കേവല പത്രപ്രസ്താവനകള്‍ക്കപ്പുറം ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെ. കാഴ്ചപ്പാടും ദിശാബോധവുമുള്ള നേതൃത്വത്തിന്റെ ദാരിദ്ര്യമാണ് ഏറ്റവും പ്രധാന കാരണം. കലാലയങ്ങളിലെ അക്കാദമിക വ്യവഹാരങ്ങളില്‍ സംഘ് ശക്തികളെ ചെറുക്കാന്‍ നമ്മുടെ ചെറുപ്പത്തിന് കഴിയുന്നുണ്ടെന്നാണ് വിശ്വാസം. എന്നാല്‍ ഈ ചെറുപ്പത്തെ സാമൂഹിക മാറ്റത്തിന്റെ നേതൃത്വമേല്‍പ്പിക്കുന്നതില്‍ നാം എത്രത്തോളം വിജയിച്ചിട്ടു്? സ്വയം വിമര്‍ശനങ്ങള്‍ നടത്തി അത്തരം പുതുതലമുറ നേതൃത്വങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

Originally published at http://prabodhanam.net/inner.php?isid=611&artid=1888

 

Leave a comment